കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 19 പേര്‍. ചങ്ങനാശേരി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ ഓരോരുത്തരും കോട്ടയം,പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും വൈക്കത്ത് മൂന്നു പേരും പൂഞ്ഞാറിൽ നാലുപേരുമാണ് പത്രിക നല്‍കിയത്.

ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം 20 ആയി. ഇന്ന് പത്രിക സ്വീകരിക്കില്ല. നാളെ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും. പാലായിൽ മാണി സി കാപ്പനും ഷോൺ ജോർജ്ജും പത്രിക സമർപ്പിച്ചു. കടുത്തുരുത്തിയിൽ മോൻസ് ജോസഫും നിർമ്മലാ ജിമ്മിയും പത്രിക സമർപ്പിച്ചു. വൈക്കത്ത് കെ അജിത്തും പി പ്രദീപും ബോസ് ടി എം എന്നിവരും പത്രിക സമർപ്പിച്ചു. ഏറ്റുമാനൂരിൽ ആഷ്‌ന തമ്പി, കോട്ടയത്ത് രാജേഷ് ചന്ദ്രൻ,സെലീനാമ്മ ജോസഫ് എന്നിവരും പുതുപ്പള്ളിയിൽ കെ എം രാധാകൃഷ്‌ണനും ചാണ്ടി ഉമ്മനും പത്രിക സമർപ്പിച്ചു. ചങ്ങനാശ്ശേരിയിൽ ജോമോൻ ജോസഫും അരവിന്ദും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, ജോർജ്ജ് കുര്യൻ എന്നിവരും പൂഞ്ഞാറിൽ പി സി ജോർജ്ജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സാജൻ മാത്യു,മായാമോൾ എന്നിവരും പത്രിക സമർപ്പിച്ചു.
