കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.കെ.അനിൽകുമാർ മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു. മണ്ഡലത്തിലൂടെ നടത്തിയ റോഡ് ഷോ ആവേശമായി മാറി.

കോട്ടയം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കും. നാളെ 4 മണിക്ക് കെ പി എസ് മേനോൻ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം കേന്ദ്രകമ്മറ്റി അംഗം ഡോ.ടി എം തോമസ് ഐസക്ക് ഉത്‌ഘാടനം ചെയ്യും. “മാറിയ കേരളം മാറേണ്ടത് കോട്ടയം” എന്ന വാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. ചുവരെഴുത്തുകളും പോസ്റ്ററുകൾ പതിക്കലും ആരംഭിച്ചു കഴിഞ്ഞു. തിരുനക്കരയിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. അഭിമാനത്തോടെയാണ് കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചത് എന്ന് അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. കേരളം മാറിയപോലെ കോട്ടയവും മാറ്റാൻ, മാറിയ കേരളത്തിന്റെ വികസനപാതയിൽ കോട്ടയത്തെയും മുന്നോട്ട് കൊണ്ടുപോകാൻ ഈ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി മെമ്പറും സിഐടിയു കോട്ടയം വൈസ് പ്രസിഡന്റും മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി കോർഡിനേറ്ററുമാണ് അഡ്വ.കെ.അനിൽകുമാർ. ജില്ലയിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
