കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ നമ്മുടെ കോട്ടയം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികൾ പ്രചാരണ പരിപാടികൾ ഊര്ജിതമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഒരു മാസം തികച്ചു ലഭിക്കില്ലെന്നതിനാൽ ഇന്ന് മുതൽ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് മുന്നണികൾ ആരംഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇനി യുഡിഎഫ്-ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ജില്ലാ വോട്ട് പോരാട്ടത്തിലേക്ക് അടുക്കും. ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളും വൈക്കത്ത് സിപിഐ സ്ഥാനാർത്ഥിയുമാണ് മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ വി.എൻ വാസവനും കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറും പുതുപ്പള്ളിയിൽ കെ എം രാധാകൃഷ്‌ണനും മത്സരിക്കും. വൈക്കത്ത് സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും. ജില്ലയിലെ സിപിഐ യുടെ ഏക സീറ്റാണ് വൈക്കം നിയോജക മണ്ഡലത്തിലേത്. പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി, പാലാ,കടുത്തുരുത്തി, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളിൽ ഇടതുപക്ഷ മുന്നണിയിൽ കേരളാ കോൺഗ്രസ്സ് എം സ്ഥാനാര്ഥികളാണ് മത്സരിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ ജയരാജ്,പാലായിൽ ജോസ് കെ മാണിയുമാണ് മത്സരിക്കുന്നത്. യുഡിഎഫ്-ബിജെപി സ്ഥാനാർത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഏറ്റുമാനൂർ സെറ്റ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസ്സ് ഏറ്റെടുക്കുന്നതിനാൽ പകരം പൂഞ്ഞാർ സീറ്റ് നൽകുന്നതിനാലും ഈ രണ്ട് സീറ്റുകളിലും സ്ഥാനാർഥി നിർണ്ണയം ഇപ്പോഴും അനശ്ചിതാവസ്ഥയിൽ തുടരുകയാണ്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ചങ്ങനാശ്ശേരിയിൽ വി ജെ ലാലാജി മത്സരിക്കാനാണ് സാധ്യത. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വവും നിലവിൽ പൂർണ്ണമായിട്ടില്ല. ബിജെപി സ്ഥാനാർഥികളായി പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും മത്സരിക്കും. വൈക്കത്ത് അജിത്ത് മത്സരിക്കും. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൂന്നു മുന്നണികളിലെയും സ്ഥാനാർഥി പ്രഖ്യാപനം പൂര്ണമാകുന്നതോടെ ജില്ലാ പൂർണ്ണമായും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കും.
