പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി നേതൃത്വം. കാഞ്ഞിരപ്പള്ളിയിലും പാലായിലും പൂഞ്ഞാറിലും ഒപ്പം വൈക്കത്തും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കാഞ്ഞിരപ്പള്ളി ബിജെപിയുടെ 'എ ക്‌ളാസ്' മണ്ഡലം ആണ്.

മുപ്പതിനായിരം വോട്ടുകൾ ലഭിക്കുന്ന മണ്ഡലമാണ് ബിജെപി എ ക്‌ളാസ് മണ്ഡലമായി കണക്കാക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ഉൾപ്പെടുന്ന കാഞ്ഞിരപ്പളിയിൽ നിന്നും മുപ്പതിനായിരത്തോളം വോട്ടുകളാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളിക്കൊപ്പം പാലായിലും പൂഞ്ഞാറിലും വൈക്കത്തും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിജെപി. ലക്‌ഷ്യം കോട്ടയം ജില്ലയിൽ നാല് സീറ്റുകൾ നേടുക എന്നുള്ളതാണ്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ മത്സരിക്കുമെന്നാണ് നിലവിലെ വിവരം. പാലായിൽ ഷോൺ ജോർജ്ജ് മത്സരിക്കുമെന്നും ഉറപ്പായി. പൂഞ്ഞാറിൽ പി സി ജോർജ്ജ് മത്സരിക്കാനാണ് ഭൂരിപക്ഷ സാധ്യത. വൈക്കത്ത് കെ അജിത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. പി സി ജോർജ്ജും കെ അജിത്തും മുൻ എംഎൽഎ മാരാണ്. പൂഞ്ഞാറിൽ മത്സരിക്കാൻ പി സി ജോർജ്ജിനുമപ്പുറം വിജയസാധ്യതയുള്ള മറ്റൊരാൾ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നിലപാട്. പാർട്ടിക്കൊപ്പവും ഒറ്റക്ക് നിന്നും പൂഞ്ഞാറിന്റെ മനസ്സ് കീഴടക്കിയ ജനമുഖനായ നേതാവായിരുന്ന പി സി ജോർജ്ജ് മത്സരിക്കണമെന്ന നിലപാട് പ്രവർത്തകരിലുണ്ട്. കഴിഞ്ഞ തവണ സ്വതന്ത്രനായി ഒരു മുന്നണിയുടെയും പാർട്ടിയുടെയും പിൻബലമില്ലാതെ മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താൻ ജോർജിന് കഴിഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്തടുത്ത മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം ഉറപ്പുവരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. പി സി ജോർജ്ജ് മത്സര രംഗത്ത് എത്തിയാൽ യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. 7 തവണയോളം എം എൽ എ ആയിരുന്നു പി സി ജോർജ്ജ്. മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമാക്കി പൂഞ്ഞാറിനെയും പാലായെയും മാറ്റിയെടുക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് പി സി ജോർജ്ജിന്റേത്. ഇക്കാരണത്താലാണ് പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ ബിജെപി പരിഗണിക്കാതിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി ഉടൻ പുറത്തു വിടുമെന്നാണ് കരുതുന്നത്. പാലായിൽ ഷോൺ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഇതുവരെയുള്ള ഷോണിന്റെ പ്രവർത്തന മികവും മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടും വ്യക്തിപരമായ വോട്ടും ബിജെപി ലക്‌ഷ്യം വെക്കുന്നുണ്ട്. പാലായിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമെങ്കിൽ ഷോൺ പിടിക്കുന്ന വോട്ടുകൾ ജയപരാചയത്തിൽ നിർണായകമാകും. പാലാ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ പി സി ജോര്ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മുതിർന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. വൈക്കത്ത് അജിത്തിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നിലവിലെ പാർട്ടി തീരുമാനം. സിപിഐക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ അടിത്തറയുള്ള മേഖലയായ വൈക്കത്ത് കെ അജിത്ത് ബിജെപി സ്ഥാനാർഥിയായേക്കും. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ദളിത് വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല എന്നും വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല എന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത് എന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അജിത്ത് പറഞ്ഞിരുന്നു. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു കെ. അജിത്ത്. സിപിഐയുടെ ആദ്യകാല നേതാവും 4 തവണ വൈക്കം എംഎൽഎയുമായിരുന്ന എം.കെ.കേശവന്റെ മകനാണ് അജിത്ത്. അജിത്തിന് സ്വീകരണം ഒരുക്കാൻ 10ന് വൈക്കത്ത് ബിജെപി സമ്മേളനം സംഘടിപ്പിക്കും. അജിത്ത് മത്സരിക്കുന്നതോടെ വൈക്കത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് കണക്കുകൂട്ടൽ.

