ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനായ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കി മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും.

ചമ്പക്കുളം ബസിലിക്ക, സെന്റ് മേരീസ് മെട്രോപോളിറ്റൻ കത്തീഡ്രൽ, വാഴപ്പള്ളി ശിവക്ഷേത്രം, ചങ്ങനാശ്ശേരി പുതൂർ പള്ളി, സീറോ മലബാർ സഭയുടെ ആസ്ഥാനം, പെരുന്ന എൻഎസ്എസ് ആസ്ഥാനം, കുട്ടനാട്ടിലേക്കുള്ള കിഴക്കൻ കവാടം എന്നിവയുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിന് പ്രത്യേക തന്ത്രപ്രധാനമായ സ്ഥാനമുണ്ട് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. 1958-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ചങ്ങനാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. 1956-ൽ എറണാകുളം–കോട്ടയം മീറ്റർ ഗേജ് പാതയും തുടർന്ന് 1958-ൽ കോട്ടയം മുതൽ ചങ്ങനാശ്ശേരി വഴി കൊല്ലം–തിരുവനന്തപുരം പാതയിലേക്ക് ലിങ്ക് ആരംഭിച്ചതോടെ ഈ മേഖലയിലെ ഗതാഗത വികസനത്തിന് വലിയ തുടക്കമായി. 1976-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഈ പാത ബ്രോഡ് ഗേജായി ഉയർത്തുകയും ചെയ്തു. ചങ്ങനാശ്ശേരി വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതിനെ തുടർന്ന് സ്റ്റേഷന്റെ വടക്കുവശത്ത് ഉണ്ടായിരുന്ന സ്റ്റേഷൻ കെട്ടിടം മധ്യഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന നടപടികളിലേക്ക് റെയിൽവേ മന്ത്രാലയം മുന്നോട്ട് വന്നു. 2009-ൽ ഡോ. മൻമോഹൻ സിംഗ് നയിച്ച യു.പി.എ സർക്കാരിന്റെ കാലത്ത് നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ ആധുനികവൽക്കരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരവും ശേഷം അന്തിമ അംഗീകാരവും ലഭിച്ചു . 2015 ജൂണിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഈ വികസന പദ്ധതിയുടെ ഭാഗമായി മൂന്ന് പ്ലാറ്റ്ഫോമുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ്, അഞ്ച് റിസർവേഷൻ കൗണ്ടറുകൾ, വിഐപി ലോഞ്ച്, സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ നടപ്പിലാക്കി. 2017 മാർച്ച് 17-ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ പരിശോധനയും പൂർത്തിയാക്കി. 2022-ൽ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ചങ്ങനാശ്ശേരി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. തുടക്കത്തിൽ മൂന്ന് കോടി രൂപയാണ് ചങ്ങനാശ്ശേരിക്ക് അനുവദിച്ചിരുന്നത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിലും സോൺ, ഡിവിഷൻ തലങ്ങളിലും നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിയുടെ ആകെ തുക അഞ്ച് കോടി രൂപയായി ഉയർന്നു. അമൃത് ഭാരത് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ടിരുന്നില്ലാത്ത ലിഫ്റ്റ്, രണ്ടാമത്തെ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നീ പ്രധാന സൗകര്യങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ ഫണ്ടിൽ നിന്നും അധികമായി അനുവദിപ്പിച്ചാണ് നടപ്പിലാക്കാൻ സാധിച്ചത് എന്ന് എം പി പറഞ്ഞു. മലയോരവും തീരദേശവും ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന ഈ സ്റ്റേഷനിൽ എം.പി എന്ന നിലയിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിഞ്ഞതായും ദക്ഷിണ റെയിൽവേ ആദ്യം അസാധ്യമായി പറഞ്ഞിരുന്ന ജനശതാബ്ദി എക്സ്പ്രസിന് പോലും അവസാനം ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് യാഥാർത്ഥ്യമാക്കാൻ സാധിച്ചതായും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഇന്ന് ജനശതാബ്ദി, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഗരീബ് രഥ്, മെമു, പാസഞ്ചർ ട്രെയിൻ സർവീസുകൾ അടക്കം എഴുപതിലധികം ട്രെയിനുകൾക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ട്. കേരള, ഐലൻഡ് എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ശബരി സൂപ്പർഫാസ്റ്റ്, വഞ്ചിനാട്, വേണാട്, പാലരുവി, പരശുരാം, മലബാർ, അമൃത, മംഗലാപുരം, നിലമ്പൂർ റോഡ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾക്കും പ്രീമിയം സർവീസായ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്സ് , യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്സ് തുടങ്ങിയവയ്ക്കും ഇവിടെ സ്റ്റോപ്പ് ലഭ്യമാണ്. വിവേക് എക്സ്പ്രസ്സ് അടക്കമുള്ള ചില ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴും നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ വികസനം ഒരു ദിവസമോ ഒരു മാസമോ ഒരു കൊല്ലമോ കൊണ്ട് പൂർത്തിയാകുന്ന കാര്യമല്ല, അത് ഒരു തുടർച്ചയായ പ്രക്രിയയാണ്. എം.പി എന്ന നിലയിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി നടത്തിയ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക് എത്തുന്നതിൽ വലിയ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. നവീകരണം പൂർത്തിയാക്കി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദമോദി എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഓൺലൈൻ ആയി നാടിന് സമർപ്പിക്കുന്ന ഈ വേളയിൽ ആവശ്യമായ ഘട്ടങ്ങളിൽ പിന്തുണച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, മുൻ ഡി.ആർ.എം മനീഷ് തപ്ലയാൽ, ഡി.ആർ.എം ദിവകാന്ത് ചന്ദ്രകാർ, റെയിൽവേ ഉദ്യോഗസ്ഥർ, തുടർച്ചയായി ക്രിയാത്മക നിർദ്ദേശങ്ങൾ നൽകിയ പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരോട് ചങ്ങനാശ്ശേരിയിലെ ജനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ചിത്രം: മനോജ് തൃക്കൊടിത്താനം.
