അടിസ്ഥാന ശമ്പള വർദ്ധനവിൽ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ.


കോട്ടയം: അടിസ്ഥാന ശമ്പള വർദ്ധനവിൽ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ. 40000 രൂപ അടിസ്ഥാന ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കാരിത്താസ് ആശുപത്രിക്ക് മുൻപിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

 

 യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യം ഉന്നയിച്ചു ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. 40000 രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യം അംഗീകരിക്കും വരെ അനിശ്ചിതകാല സമരം തുടരുമെന്ന് നേഴ്‌സുമാർ പറഞ്ഞു. മാനേജ്‌മെന്റ് ചർച്ചയ്‌ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കാരിത്താസ് ആശുപത്രിയിൽ നേഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം നടന്നിട്ടും ഇതുവരെയും ആശുപത്രി മാനേജ്‌മെന്റ് ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നും നേഴ്‌സുമാർ പരാതിപ്പെടുന്നു.