അങ്കമാലി: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കളത്തിപറമ്പിൽ ജോൺസൺ മകൾ ജസ്‌ലിയ ജോൺസൺ(19) ആണ് മരിച്ചത്.

വിദ്യാർത്ഥിനിയെ ഇടിച്ചിട്ട നിർത്താതെ പോയ വാഹനം കണ്ടെത്തിയിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്നും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ കാർ ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ഒളിവിലാണ്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിൻ്റെയാണ് വാഹനം ജോർജ് തോമസിന്റെ മകനും ഡോക്ടറുമായ സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണു വിവരം. കാറിലുണ്ടായിരുന്നത് മെഡിക്കൽ വിദ്യാര്ഥികളായിരുന്നിരിക്കാം എന്നാണു നിഗമനം. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ആയിരുന്നു ജസ്‌ലിയ. മോണിംഗ് സ്റ്റാർ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം ഉണ്ടായത്. ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജസ്‌ലിയയെ പിന്നിൽ നിന്ന് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഇതുവഴിയെത്തിയ ഹൈവേ പൊലീസാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആലുവാ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് 3ന് പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വീട്ടുകാർ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്ന് നാല് പേർക്ക് പുതുജീവനേകിയാണ് ജസ്‌ലിയ വിട പറയുന്നത്. പ്രതിയെ പിടി കൂടത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും അങ്കമാലി പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് അങ്കമാലി എസ്എച്ച്ഓ എ രമേഷ് പറഞ്ഞു. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. പ്രതിക്കായി അന്വേഷണം വ്യപകമാക്കിയാതായി പോലീസ് പറഞ്ഞു.

