കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നടപടി വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി നൽകി. 305.71 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ആണ് ഭരണാനുമതി നൽകിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഭൂമി ഏറ്റെടുക്കാനാണിത്.

ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്‌ടറും മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളിലായി 119.89 ഹെക്‌ടറും തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഇതിനായി റവന്യൂ വകുപ്പ് വിജ്ഞാപനമിറക്കും. ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നടപടി വേഗത്തിലാക്കിയത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരാണ് നൽകുക. ഇതുപ്രകാരം കിഫ്ബി വഴി 1900 കോടി രൂപ നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽപ്പെടും. കേന്ദ്രബജറ്റിൽ പദ്ധതിക്കായി തുക മാറ്റിവച്ചിരുന്നില്ല. ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. 1997-98 റെയിൽവേ ബജറ്റിൽ അനുവദിച്ച പദ്ധതിയാണിത്. അങ്കമാലിയിൽനിന്ന് കാലടി വരെയുള്ള റെയിൽവേ ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിർദിഷ്‌ട പദ്ധതി. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ 14 സ്റ്റേഷനുകൾ. ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാനസർക്കാർ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്തോടെ 27 വർഷത്തെ കാത്തിരിപ്പിന് വിരാമം ആകുന്നത്. പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. അങ്കമാലി–എരുമേലി പാത പൂർത്തിയാകുമ്പോൾ എരുമേലി ഒരു പ്രധാന ടെർമിനൽ സ്റ്റേഷനായി മാറും. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും ഇവിടെ നിന്നുമാകും. ഇതിനാൽ മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് എരുമേലിയിൽ കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരും. ശബരിമല തീർത്ഥാടനത്തിനും, മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കാർഷിക- ടൂറിസം മേഖലകളുടെ വലിയ മുന്നേറ്റത്തിനും ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന പ്രവർത്തനമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പാത. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഇത്തവണ 4.96 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

