അങ്കമാലിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: കോട്ടയം സ്വദേശിയായ പ്രതി ഡോ.സിറിയക് വാഗമണ്ണിൽ ഒളിവിൽ കഴിഞ്ഞത് 2 ദിവസം, പിടികൂടിയത് സാഹസികമായി


കോട്ടയം: അങ്കമാലിയിലെ കോളേജ് വിദ്യാർത്ഥിനി ജാസ്‍ലിയയുടെ അപകട മരണത്തിൽ പ്രതി ഡോക്ടർ സിറിയക് പി ജോർജ് പോലീസ് കസ്റ്റഡിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നുമാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്. വാഗമൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

 

 പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്ടിയിൽ എത്തി റിസോർട്ടിൽ പരിശോധന നടത്തുകയും പോലീസ് ആണെന്ന് മനസിലാക്കിയ പ്രതി ഡോ.സിറിയക് ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രതിയെ വാഗമൺ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അപകടത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞത് ബന്ധുവിനൊപ്പം എത്തിയാണെന്നാണ് വിവരം.  രണ്ട് ദിവസമായി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന വിവരം. വാഗമൺ പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. മീശയും താടിയും മുടിയും വെട്ടി രൂപം മാറിയാണ് പ്രതി റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞത്. അപകടം നടന്നു ഏഴാം ദിനമാണ് പ്രതിയെ പോലീസ് പിടികൂടിയത്. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കളത്തിപറമ്പിൽ ജോൺസൺ മകൾ ജസ്‌ലിയ ജോൺസൺ(19) ആണ് അപകടത്തിൽ മരിച്ചത്. ഫെബ്രുവരി 28 നു രാത്രിയാണ് അപകടം ഉണ്ടായത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ആയിരുന്നു ജസ്‌ലിയ. മോണിംഗ് സ്റ്റാർ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം ഉണ്ടായത്. ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജസ്‌ലിയയെ പിന്നിൽ നിന്ന് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഇതുവഴിയെത്തിയ ഹൈവേ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.