അങ്കമാലിയിൽ കോളേജ് വിദ്യാർഥിനിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ‍കേസിലെ പ്രതി കോട്ടയം സ്വദേശി ഡോ.സിറിയക് ജോർജ് പിടിയിൽ, പിടിയിലായത് വാഗമണ്ണിലെ റിസോർട്


കോട്ടയം: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ‍കേസിലെ പ്രതി കോട്ടയം സ്വദേശി ഡോ.സിറിയക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നും ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി കോട്ടയം സ്വദേശി ഡോ.സിറിയക് ജോർജ്ജിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

 

 പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന കളത്തിപറമ്പിൽ ജോൺസൺ മകൾ ജസ്‌ലിയ ജോൺസൺ(19) ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ അതിരമ്പുഴ സ്വദേശി ഡോ.സിറിയക് ഒളിവിലാണ്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിൻ്റെയാണ് വാഹനം ജോർജ്‌ തോമസിന്റെ മകനും ഡോക്ടറുമായ സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. അപകടത്തിനിടയാക്കിയ കാർ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അങ്കമാലി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇയാളുടെ സ്വദേശമായ അതിരമ്പുഴയിലും ഏലപ്പാറയിലുള്ള ബന്ധുവീടുകളിലും പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനി ആയിരുന്നു ജസ്‌ലിയ. മോണിംഗ് സ്റ്റാർ കോളേജിന്റെ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം ഉണ്ടായത്. ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജസ്‌ലിയയെ പിന്നിൽ നിന്ന് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഇതുവഴിയെത്തിയ ഹൈവേ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചാലാക്ക മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോ.സിറിയക് ജോർജ്. സിറിയകിന്റെ പിതാവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിറിയക് ഒളിവില്‍ പോയ സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.