കോട്ടയം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോട്ടയം സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കോട്ടയം പാക്കിൽ വാളൻപറമ്പിൽ ഷാജിമോന്റെ ഭാര്യ സിന്ധുവാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഒന്നര മാസം മുമ്പ് കോട്ടയം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

സർക്കാർ ആശുപത്രികളിലെ ചികിത്സാ വീഴ്ചയിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകി സിന്ധുവിന്റെ കുടുംബം. ജനുവരി 17ന് കടുത്ത തലവേദന, ഛർദി, പനി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ സിന്ധുവിനെ മകൻ ആനന്ദ് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്ന് നൽകി വിടുകയായിരുന്നു അന്ന് ചെയ്തത്. ഗുരുതരമായ ആരോഗ്യ പ്രശനങ്ങളാൽ വീണ്ടും ജനുവരി 20, 24, 28 തീയതികളിലും വീണ്ടും ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും വിശദ പരിശോധന നടത്തുകയോ അഡ്മിറ്റ് ആക്കുകയോ ചെയ്തില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 29ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 6 വരെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു ചികിത്സ നൽകിയിട്ടും രോഗം കണ്ടെത്തിയില്ല. തുടർന്ന് 14 ദിവസത്തെ കുത്തിവയ്പ്പ് ചികിത്സയ്ക്കായി പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് ദിവസത്തിനുശേഷം മരുന്ന് ലഭ്യമല്ലെന്നു പറഞ്ഞ് ചികിത്സ നിർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഫെബ്രുവരി 17ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 23ന് ഐ.സി.യുവിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ വാർഡിലേക്ക് മാറ്റി. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌ക്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. രോഗം കണ്ടെത്താൻ വൈകിയതും ചികിത്സയിൽ ഉണ്ടായ കാലതാമസങ്ങളുമാണ് സിന്ധുവിന്റെ നില വഷളാക്കാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മകൻ ആനന്ദ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് പരാതി നൽകിയിട്ടുണ്ട്.

