പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു. പാലായിലെ തെരഞ്ഞെടുപ്പ് മത്‌സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല, മറിച്ച് വ്യക്തപരമായും, അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഇക്കുറിയും പാലായിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കും. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ മത്സരിക്കും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ് ആണ് മത്സരിക്കുന്നത്. മൂന്നു മുന്നണികളിലെയും കരുത്തുറ്റ സാരഥികളെയാണ് പാർട്ടി ഇത്തവണ പാലായിൽ മത്സരിപ്പിക്കുന്നത്. മൂവരും പാലായുടെ മണ്ണിൽ ഏറെ പ്രിയങ്കരും രാഷ്ട്രീയ പാരമ്പര്യമുള്ളവരുമാണ്. മൂന്നു മുന്നണികളിലും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാലായിൽ ഇവർ മൂന്നു പേരുമാണ് മത്സരിക്കുക എന്നത് രാഷ്ട്രീയ കേരളം തീർച്ചപ്പെടുത്തിയതാണ്. പാലായിലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളാ കോൺഗ്രസ്സ് എം അഭിമാന പ്രശനമായാണ് നോക്കിക്കാണുന്നത്. കെ എം മാണിയുടെ മരണ ശേഷം പാർട്ടിക്ക് കൈവിട്ടുപോയ പാലാ തിരികെ പിടിക്കുക എന്നതാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്‌ഷ്യം. പാലായിൽ മത്സരിക്കുന്നതിനോട് തുടക്കം മുതൽ തന്നെ വിയോജിപ്പ് പറയാതെ പറഞ്ഞ വ്യക്തിയാണ് ജോസ് കെ മാണി. പാലായിലെ സ്ഥാർത്ഥിത്വം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പിന്നീട് പറയാം എന്നുമൊക്കെയായിരുന്നു ജോസ് കെ മാണി പറഞ്ഞിരുന്നത്. പാലായിൽ ഇനിയും ഒരു തോൽവി ഉണ്ടായാൽ പാർട്ടിക്കും തനിക്കും ജനമനസുകളിൽ സ്ഥാനമുണ്ടാകില്ല എന്ന ഭയം അലട്ടിയിട്ടുണ്ടാകാം. തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി കേരളാ കോൺഗ്രസ് എമ്മിന്റെ കയ്യിലായിരുന്ന നഗരസഭാ ഭരണം നഷ്ട്മായിരുന്നു. ഇത് പാർട്ടിയോടുള്ള ജനങ്ങളുടെ വിരുദ്ധതയാകാം വെളിവാക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നില്ലെങ്കിലും പാലായിൽ ജനങ്ങൾ ഇടത് പക്ഷത്തോട് ചേർന്നിരിക്കുമോ മുഖം തിരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. അധികാരങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി പാർട്ടിയെ ഉപയോഗിക്കുന്നു എന്നും മുന്നണി മാറ്റ ചർച്ചകൾ നടത്തി എന്നതും പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിച്ചിരുന്നു. മുന്നണി മാറ്റത്തിന് തടയിട്ടത് റോഷി അഗസ്റ്റിൻ ആണെന്നും ഇതാണ് ജോസ് കെ മാണി തന്നെ പാലായിൽ മത്സരിക്കുമെന്ന് പൊതുവേദിയിൽ റോഷി ചാടിക്കയറി പറഞ്ഞതുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പാലാ നഗരസഭയിൽ ചരിത്രം തിരുത്തിയ രാഷ്ട്രീയനേട്ടം ആണ് യുഡിഎഫ് സ്വന്തമാക്കിയത്. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാണ് ജോസ് കെ മാണി നേരത്തെ പാലായിൽ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പൻ നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. പാലായുടെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്നു ജനങ്ങൾക്ക് അറിയാമെന്നും മാണി സി കാപ്പൻ പറയുന്നുണ്ട്. പാലായുടെ വികസന പ്രവർത്തനങ്ങളിൽ വികസനമില്ലെന്നു ഒരു പക്ഷം വാദിക്കുമ്പോൾ പാലായുടെ വികസനം തടസ്സപ്പെടുത്തുകയാണെന്നാണ് മറ്റൊരു പക്ഷം വാദിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കും. പാലാ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ പി സി ജോര്ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് എൻ ഡി എ യുടെ വിലയിരുത്തൽ. ഭരണവിരുദ്ധവികാരവും കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മാണി സി കാപ്പനും ജോസ് കെ മാണിയും നേർക്കുനേർ പോരാട്ടത്തിന് കളമൊരുക്കുമ്പോൾ ഷോൺ ജോർജ്ജ് മത്സരരംഗത്തെത്തുന്നതോടെ ത്രികോണ പോരാട്ടം ശക്തമാകും. കെ എം മാണി വർഷങ്ങളായി വിജയിച്ചു വന്ന സീറ്റ് 2019 ലെ പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ സ്വന്തമാക്കുകയായിരുന്നു. ഒന്നര വർഷത്തിനിപ്പുറം 2021ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സാഹചര്യം മാറി. കെ എം മാണിയുടെ പാർട്ടി എൽഡിഎഫിലെത്തി. സിറ്റിങ്ങ് എംഎൽഎ മാണി സി കാപ്പനെ വെട്ടി ഇടത് മുന്നണി ജോസ് കെ. മാണിയെ പാലയിലിറക്കി. ഇതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട മാണി സി കാപ്പനെ, ഒപ്പം കൂട്ടി യുഡിഎഫ് ജോസിനെതിരെയിറക്കി. സംസ്ഥാനാത്താകെ ഇടത് കാറ്റ് വീശിയടിച്ചിട്ടും ജോസ് കെ.മാണി 15378 വോട്ടിന് മാണി സി കാപ്പനോട് തോറ്റു. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഗ്രാഫിലടക്കം ഇടിവ് ഉണ്ടാക്കിയ കനത്ത തോൽവിയായിരുന്നു അത്. നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനും കൈവിട്ട പാലാ സീറ്റ് തിരികെ കേരളാ കോൺഗ്രസ്സ് എമ്മിൽ എത്തിക്കാനുമുള്ള മത്സരമാണ് ജോസ് കെ മാണി നടത്തുക. ഇക്കുറി കാപ്പനെ തോൽപ്പിച്ച് പാലാ തിരിച്ച്പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എൽ ഡി എഫിലും ജോസ് കെ മാണിയോടുള്ള താല്പര്യം വർധിച്ചിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി. കൂടുതൽ സമയവും പാലായുടെ പ്രവർത്തന മണ്ഡലങ്ങളിൽ സജീവമായിരുന്നു ജോസ് കെ മാണി. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പാലായ്ക്ക് കൂടുതൽ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യസഭാ എം പി എന്ന നിലയിൽ ലഭിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ചിലവഴിച്ചിരിക്കുന്നതും പാലായിലാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രി എന്നത് ഉയർത്തിയാണ് മാണി സി കാപ്പന്‍റെ പ്രചരണം. കഴിഞ്ഞു പോയ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും പ്രതീക്ഷ കൂട്ടുന്നു. അതേസമയം ബിജെപി യും പാലായിൽ ശക്തമായ വോട്ട് പോരാട്ടത്തിനാണ് ലക്‌ഷ്യം വെയ്ക്കുന്നത്. കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് പാലാ. ഷോൺ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഇതുവരെയുള്ള ഷോണിന്റെ പ്രവർത്തന മികവും മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടും വ്യക്തിപരമായ വോട്ടും ബിജെപി ലക്‌ഷ്യം വെക്കുന്നുണ്ട്. പാലായിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമെങ്കിൽ ഷോൺ പിടിക്കുന്ന വോട്ടുകൾ ജയപരാചയത്തിൽ നിർണായകമാകും. 54 വർഷത്തോളം കെ.എം. മാണി പ്രതിനിധാനംചെയ്ത മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ അഭിമാനപ്രശ്നമാണ്. ഇതിനായി ജോസ് കെ മാണി അശ്രാന്ത പരിശ്രമം നടത്തുമെന്ന് ഉറപ്പാണ്.

