കോട്ടയം ജില്ലയിലെ പടയണി ഗ്രാമവും കോട്ടയം ജില്ലയിലെ ഏക പടയണി സ്ഥാനവുമായ ആലപ്ര തച്ചരിക്കൽ പടയണി മാർച്ച് മാർച്ച് 18 മുതൽ 24 വരെ.


മണിമല: കോട്ടയം ജില്ലയിലെ പടയണി ഗ്രാമവും കോട്ടയം ജില്ലയിലെ ഏക പടയണി സ്ഥാനവുമായ ആലപ്ര തച്ചരിക്കൽ പടയണി മാർച്ച് മാർച്ച് 18 മുതൽ 24 വരെ ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടക്കും. കോട്ടയം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ആലപ്ര.

 

 ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ സവിശേഷത വനത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന തച്ചിരിക്കൽ ഭഗവതിക്ഷേത്രമാണ്. പടയണി എന്ന അനുഷ്ഠാനകല അവതരിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഏകക്ഷേത്രമാണിത്. മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലാരൂപമായ പടയണി അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണിത്. ആലപ്ര ശ്രീ ഭദ്രപടയണി സംഘമാണ് തച്ചരിക്കൽ ക്ഷേത്രത്തിലെ പടയണിക്ക് നേതൃത്വം നൽകുന്നത്. മീന മാസത്തിലെ രോഹിണി നാളിൽ അവസാനിക്കുന്ന ഏഴു ദിവസത്തെ പടയണിയാണിവിടുത്തേത്. ഉത്സവത്തിന്റെ ആദ്യദിനം ഒൻപത് നാഴിക രാത്രി ചെല്ലുമ്പോൾ ഭഗവതിയെ പച്ച തപ്പു കൊട്ടി ചൂട്ടുവെളിച്ചത്തിൽ ശ്രീകോവിലിൽ നിന്നെതിരേറ്റ് മീനത്തെ മൂലയ്ക്കൽ വാളും പീഠവും വച്ച് ആവാഹിച്ചിരുത്തുന്നു. മാർച്ച് 18 നാണു ചൂട്ടുവെയ്പ്പ്. മാർച്ച് 19 നു തപ്പും താവടിയും,മാർച്ച് 20 നാണു ഗണപതിക്കോലം. പഞ്ചകോലം മാർച്ച് 21 നും അടവി മാർച്ച് 22 നുമാണ്. ഇടപ്പടയണി മാർച്ച് 23 നു നടക്കും. വല്ല്യപടയണി മാർച്ച് 24 നാണ്. ഏഴുദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഉത്സവം എട്ടാം ദിവസം പുലർച്ചെ പുറംഗുരുതിയോടെയാണ് സമാപിക്കുന്നത്. പടയണിയുടെ വടക്കൻ, തെക്കൻ ചിട്ടകളെ സമന്വയിപ്പിക്കുന്നതാണ് ആലപ്ര തച്ചരിക്കൽ പടയണി. മധ്യതിരുവിതാംകൂറിലെ അനുഷ്ടാന കലയായ പടയണി നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ദേവീ സ്ഥാനമാണ് ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളീ ക്ഷേത്രം. മൂന്നു വ്യാഴവട്ടത്തിലധികമായി ആലപ്ര തച്ചരിക്കൽ പടയണിയുടെ മുഖ്യസംഘാടകനും അവതാരകനുമായ ആലപ്ര കാവുങ്കൽ കെ.എൻ.മണിക്ക് പടയണി രംഗത്ത് സമഗ്രസംഭാവന നൽകി തെക്കൻ-വടക്കൻ ചിട്ടകളെ സമന്വയിപ്പിച്ച അപൂർവ്വ പാടവത്തിന് തിരുവനന്തപുരത്ത് നടന്ന അന്തർദേശീയ ഫോക്ലോർ ഫെസ്റ്റിവൽ വേദിയിൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 



അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഇരുന്നൂറിലേറെ ചെറുപ്പക്കാർ പടയ ണിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടി. ശ്രീഭദ്രാ പടയണി സംഘത്തിന്റെ പരിശീലനക്കളരിയെ നയിക്കുന്നത് ഇദ്ദേഹമാണ്. പടയണിയിലെ പാട്ട്, കോല മെഴുത്ത്, തപ്പുമേളം, കോലം തുള്ളൽ എന്നിവയിലെല്ലാം പാടവമുള്ള അപൂർവം ചിലരിൽ ഒരാളാണ് മണിയാശാൻ.