കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തും: രാഹുൽ ഗാന്ധി.


പാമ്പാടി: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ പര്യടനത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

 

 ലാറ്റക്സിൻ്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം ഇതുവരെ റബ്ബർ വില ഉയർത്തുകയോ റബ്ബർ കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ തീരുമാനം റബ്ബർ വില 250 ആയി ഉയർത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്നാണു തന്റെ ആഗ്രഹമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും എന്നും രാഹുൽ ഗാന്ധി പാമ്പാടിയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് 5 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും.