കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കടുത്ത പ്രത്യാക്രമണം നടത്തി ഇറാൻ. ഒമാൻ,ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, ദുബായ്, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇസ്രയേലിലും ഇറാന്റെ ശക്തമായ ആക്രമണം.

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ മലയാളികൾ ആശങ്കയിലാണ്. ഇന്ത്യൻ പൗരന്മാർക്ക് വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ എംബസ്സി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎഇയെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ ദുരിതത്തിലായിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കും അവധിയിലുമായി നാട്ടിലേക്ക് വരാനിരുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണം രൂക്ഷമായതോടെ നാട്ടിലുള്ള ബന്ധുക്കളും ആശങ്കയിലാണ്. തുടരെ തുടരെ നാട്ടിൽ നിന്നും ഫോൺ വിളികൾ ചെന്നുകൊണ്ടിരിക്കുകയാണ്. വലിയ പ്രശനങ്ങൾ നിലവിൽ ഉണ്ടായിട്ടില്ലെങ്കിലും ആക്രമണ ഭീതി ഒഴിയാത്തത് നാട്ടിലുള്ളവരുടെ മനസ്സിൽ പേടി കൂടിക്കൊണ്ടിരിക്കുകയാണ്. യുദ്ധമോ ആക്രമണ-പ്രത്യാക്രമണങ്ങളോ പൊതുവെ ഉണ്ടാവാത്ത ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതാണ് അറബ് രാജ്യങ്ങളിലുള്ളവർക്കും നാട്ടിലുള്ളവർക്കും ഒരേപോലെ ഞെട്ടിച്ചത്.

