വൈക്കം: മുതിർന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ആണ് കെ. അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്.

പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കെ അജിത് പറഞ്ഞു. ദളിത് വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല. അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് പറഞ്ഞു. 2006,2011 വർഷങ്ങളിൽ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല എന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ ജനാവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട് എന്നും അജിത് പറഞ്ഞു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു കെ. അജിത്ത്.

