പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചു പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് വാക്കത്തോൺ എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ആണ് ബോധവൽക്കരണ സന്ദേശവുമായി വാക്കത്തോൺ 2026 സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 7 മണിയോടെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വാക്കത്തോൺ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഡോ.ഷൈനി, ഗീതാഞ്ജലി എന്നിവർ നയിച്ച വാം അപ്പ് സൂംബ നടന്നു. തുടർന്ന് നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്കായുള്ള കാൻസർ അവബോധ ഹാൻഡ്ബുക്കിന്റെ പ്രകാശനം ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ്കുമാറിനു നൽകി നിർവ്വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ കാൻസർ ദിന സന്ദേശം നൽകി.
രാമപുരം മാർ അഗസ്തിനോസ് കോളജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ സ്വാഗതവും രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് വികാരി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ സന്ദേശവും നൽകി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരും. കാൻസർ നേരത്തെ കണ്ടെത്തിയാൽ അതിജീവനവും വേഗത്തിലാക്കാവുന്നതാണ്. കാൻസറിനെതിരെ ഒരുമിച്ച് പോരാടാം എന്ന സന്ദേശം കൂടി ജനങ്ങളിലേക്ക് എത്തിച്ചാണ് വിദ്യാഭ്യാസ മേഖലയിൽ ഉന്നത നേട്ടങ്ങൾ കൊയ്യുന്ന രാമപുരം മാർ അഗസ്തിനോസ് കോളജ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വാക്കത്തോണിനായി അണിനിരക്കുന്നത്. കോളജിലെ 200ൽ അധികം വിദ്യാർത്ഥികളാണ് വർണാഭമായി നടത്തുന്ന വാക്കത്തോണിൽ ബോധവൽക്കരണ സന്ദേശവുമായി പങ്കെടുക്കുക. പാലാ നഗരസഭ, പൊലീസ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി. ആംബുലൻസ് സപ്പോർട്ടോട് കൂടിയ മെഡിക്കൽ ടീം, കൃത്യമായ ഇടവേളകളിൽ റിഫ്രർഷ്മെന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.


