ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ് എന്ന് മന്ത്രി വി എൻ വാസവൻ. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഏറ്റുമാനൂർ നിയോജക മണ്ഡലം എം.എൽ.എ എന്ന നിലയിൽ നടത്തിയ ജനക്ഷേമ വികസന പദ്ധതികൾ നാടിനോട് സംവദിക്കുന്നതിനായി മൂന്ന് ദിവസം എൽ. ഡി. എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആണ് വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ നാലര വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിച്ച ശേഷമാണ് വികസന സന്ദേശയാത്ര നടത്തുന്നത്. വികസന ശില്പശാലകളില്‍ ജനങ്ങള്‍ മുന്നോട്ടുവച്ച സ്വപ്ന പദ്ധതികള്‍ സാക്ഷാത്കരിച്ചുകൊണ്ടാണ് വികസന സന്ദേശയാത്രയിലേയ്ക്ക് കടന്നിരിക്കുന്നത്. ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍, എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സ് തുടങ്ങിയവയുടെ നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയോളം രൂപയാണ് വിനിയോഗിച്ചത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥ മൂന്നാം ദിവസമായ വ്യാഴാഴ്ച്ച വൈകിട്ട് 5-ന് കുമരകം നോര്‍ത്തിലാണ് സമാപിക്കുക. 2021 ജൂലൈ 17-ന് നടന്ന വികസനശില്പശാലയില്‍ രൂപപ്പെടുത്തിയ വികസന രേഖക്ക് അനുസരിച്ചാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികള്‍ വിഭാവനം ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞ് വിലയിരുത്തല്‍ യോഗവും പുതിയ വികസന കാഴ്പ്പാട് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ടാം വികസന ശില്പശാലയും ചേര്‍ന്നു. 2021-23 കാലത്തെ നിര്‍വഹണ പുരോഗതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് 2023-ല്‍ അവലോകന യോഗം നടന്നു. 10 വര്‍ഷം മുമ്പ് സ്വപ്നം കണ്ടതിനപ്പുറമുള്ള നേട്ടങ്ങള്‍ ഏറ്റൂമാനൂരിന്റെ കണ്‍മുന്നിലുണ്ട്. ഗ്രാമീണ റോഡുകളുടെ വികസനം മുതല്‍ മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഭൂഗര്‍ഭപാത വരെയുള്ള പദ്ധതികളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റുമാനൂരിന്റെ ഹൃദയത്തിലേറി എന്നും മന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത പുരോഗതി കൈവരിക്കുവാനും സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഈ കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും ഹൈടെക്കായി നാടിന്റെ മുഖഛായ മാറി. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലം പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുമായി ചര്‍ച്ച നടത്തി വികസന പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തികമാക്കുന്നത് എന്നതും ശ്രദ്ധേയമാണ് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
