കോട്ടയം ജില്ലാതല പാഠപുസ്തക വിതരണത്തിന് തുടക്കം.


കോട്ടയം: പുതിയ അധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകം നൽകിയും പാഠപുസ്തക വിതരണം ചെയ്യുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്തും നിർവഹിച്ചു.

 

 സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള കുടുംബശ്രീ ബുക്ക് ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ചങ്ങനാശ്ശേരി ഉപജില്ലയിലെ സ്കൂളുകൾക്ക് പുസ്തകം വിതരണം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ട് ഓഫീസർ എസ്. ശ്രീജിത്ത്, സ്റ്റോർ കീപ്പർ അനുരാജ് പ്രസാദ്, ജില്ലാ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ അനിൽ കെ. തോമസ്, കോട്ടയം സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി.ജി. ജ്യോതിമോൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ.രാജേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ. രാജീവ്, സ്കൂൾ പ്രഥമാധ്യാപക പ്രതിഭ മേരി നൈനാൻ, പി.ടി.എ പ്രസിഡന്റ്‌ പ്രനീഷ പ്രസാദ് എന്നിവർ പങ്കെടുത്തു.