വൈക്കം: വൈക്കത്ത് റോഡ് പുനർനിർമ്മാണത്തിന് അനുവദിച്ച 15 ലക്ഷം രൂപ പിൻവലിച്ച് എം.എൽ.എ സി കെ ആശ. വൈക്കം നിയമസഭാ മണ്ഡലത്തിലെ വൈക്കം നഗരസഭയിലെ 23ാം വാര്‍ഡായ താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ റോഡിന് അനുവദിച്ച ഫണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ പിന്‍വലിച്ചത്.

വൈക്കം താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ വയനവേലി റോഡ് പുനര്‍നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് ഇടതുപക്ഷ മുന്നണിയിൽ സിപിഐയുടെ എംഎല്‍എയായ സി കെ ആശ പിന്‍വലിച്ചത്. കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടില്‍നിന്നു തുക അനുവദിക്കാന്‍ എംഎല്‍എ സി കെ ആശ ശുപാര്‍ശ നല്‍കിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കലക്ടര്‍ക്കു കത്തു നല്‍കുകയായിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡ് ആയിരുന്ന വൈക്കം നിയമസഭാ മണ്ഡലത്തിലെ വൈക്കം നഗരസഭയിലെ 23ാം വാർഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് പിടിച്ചെടുത്തിരുന്നു. ഇതാണു ഫണ്ട് പിന്‍വലിക്കാന്‍ കാരണമെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. നാല് വർഷത്തിലേറെയായി തകർന്നു കിടന്ന റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി അനുവദിച്ച തുകയാണ് ഇപ്പോൾ എം എൽ എ പിൻവലിച്ചിരിക്കുന്നത്. ഫണ്ട് പിന്‍വലിക്കണമെന്ന എംഎല്‍എയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല കലക്ടര്‍ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കിയതോടെയാണ് സംഭവം വിവാദത്തിലായത്. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്നാണ് വൈക്കം എംഎല്‍എയുടെ വിശദീകരണം. അനുവദിക്കപ്പെട്ട ഫണ്ട് നഷ്ടപ്പെടാതെ സമയബന്ധിതമായി വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് പിന്‍വലിച്ചതെന്നും എംഎല്‍എ ഫണ്ട് പരമാവധി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ.ആശ പറഞ്ഞു. ആശയുടെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എസ്റ്റിമേറ്റ് അടക്കം പൂര്‍ത്തിയാക്കി നഗരസഭ നല്‍കിയിരുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോണി സണ്ണി ആരോപിക്കുന്നു. എസ്റ്റിമേറ്റ് ഇല്ലാത്തതിനാൽ ഭരണാനുമതി നൽകാൻ സാധിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
