കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്സ്, വിട്ടു നൽകാൻ തയ്യാറാകാതെ കേരള കോണ്‍ഗ്രസ്, ഏറ്റുമാനൂർ സീറ്റിൽ വിവാദം പ


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്സ് സംസ്ഥാന-ജില്ലാ നേതൃത്വം. കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് ജില്ലാ നേതൃത്വത്തിനൊപ്പം കോൺഗ്രസ്.

 

 പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നൽകാൻ കേരള കോൺഗ്രസും തയ്യാറല്ല. ഏറ്റുമാനൂ‍ർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസിൽ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. അതേസമയം സീറ്റ് ഏറ്റെടുക്കുമെന്നും കേരള കോൺഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കുമെന്നും കോട്ടയം ജില്ലാ നേതൃത്വം ഉൾപ്പടെയുള്ളവർ പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ പലതും യു ഡി എഫ് നേടിയെടുത്തിരുന്നു. ഈ ആത്മവിശ്വാസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതാക്കൾ പറയാൻ കാരണം. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഡിസിസി വൈസ് പ്രസിഡന്‍റ് ജി ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ വൈശാഖ് എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സിപിഎമ്മിനോട് ഇടഞ്ഞ നിൽക്കുന്ന മുൻ എംഎൽഎ സുരേഷ്ക്കുറുപ്പിനെ യൂഡിഎഫ് പാളയത്തിലെത്തിച്ച് മത്സരിപ്പിക്കാനുള്ള ചില നീക്കങ്ങളും സജീവമാണ്. അതേസമയം കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂരും മറ്റൊരു മണ്ഡലവും കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കുട്ടനാട് ,ഇടുക്കി എന്നീ 4 സീറ്റുകളാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് മടക്കിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പി ജെ ജോസഫിനെ അനുനയിപ്പിച്ച് ഈ സീറ്റുകള്‍ മടക്കിവാങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സിന് നൽകിയാൽ പകരം രണ്ട് സീറ്റ് ചോദിക്കണമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്സ് വിഭാഗം.