കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വേനൽ മഴ ലഭിച്ചെങ്കിലും പകൽ ചൂടിന്റെ കാഠിന്യം കുറയുന്നില്ല. പകൽ സമയം ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാം വിധം ഉയർന്നു തന്നെ നിൽക്കുകയാണ്.

പൊതുജനങ്ങൾ അതീവ ജാഗ്രത തുടരണം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് സൂചിക 8 ആണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയിൽ യു വി തോത് ഉയർന്നു നിൽക്കുകയാണ്. സംസ്ഥാനത്ത് 4 ജില്ലകളിലാണ് യു വി തോത് അപകടകരമാം വിധം ഉയർന്നു നിൽക്കുന്നത്. അൾട്രാവയലറ്റ് സൂചിക ഉയർന്നു നിൽക്കുന്ന കോട്ടയം,കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

