പാലാ: ഞങ്ങടെ കൊച്ചിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ ആരും വരണ്ട എന്നും യുഡിഎഫിന്റെ ഒരാളെ ഒരാളും ആക്രമിക്കാൻ എന്ന് കരുതേണ്ട എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ നഗരസഭയ്ക്ക് ചെറുപ്പക്കാരിയായ കാര്യപ്രാപ്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സനെയാണ് ലഭിച്ചിരിക്കുന്നത്. ദിയ ബിനു മിടുമുക്കിയാണെന്നും അവരെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പാലായിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി രാഷ്ട്രീയ എതിർ ചേരിയിൽ നിന്നുള്ള അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും ദിയയ്‌ക്കെതിരെ ഉണ്ടായിരുന്നു. ദിയയെ ആക്രമിക്കാൻ എന്ന് ആരും കരുതേണ്ട എന്നും യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. മുന്നണിയിലെ പ്രധാന നേതാവാണ് മാണി സി കാപ്പൻ, ആരും അദ്ദേഹത്തിനെതിരെയും ആക്രമിക്കാൻ ചെല്ലേണ്ട, യുഡിഎഫ് കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പല പാർട്ടികളോ പല രീതിയോ യുഡിഎഫിനില്ല എന്നും എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്, അതാണ് ടീം യുഡിഎഫ് എന്നും വി ഡി സതീശൻ പാലായിൽ പറഞ്ഞു.

