വികസനക്കുതിപ്പേകി വീണ്ടും കോട്ടയം ജില്ലയ്ക്ക്‌ വിവിധ വികസന പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, നേട്ടം പാലായ്ക്ക്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനക്കുതിപ്പേകി വീണ്ടും കോട്ടയം ജില്ലയ്ക്ക്‌ വിവിധ വികസന പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെയാണ് ഇപ്പോൾ വിവിധ പദ്ധതികൾക്കായി കോട്ടയം ജില്ലയ്ക്ക് ബജറ്റ് വിഹിതം ലഭിച്ചരിക്കുന്നത്.

 

 ജില്ലയ്ക്ക് വികസനത്തിന് ഊർജ്ജം പകരുന്ന പ്രഖ്യാപിത പദ്ധതികളിൽ പാലാ മണ്ഡലമാണ് മുന്നിട്ടു നിൽക്കുന്നത്. കെ.എം. മാണി ഫൗണ്ടേഷന് രണ്ട് കോടി രൂപയാണ് അനുവദിച്ചത്. സ്മാരകം പണിയാൻ തിരുവനന്തപുരത്ത് അടുത്തിടെ ഭൂമി അനുവദിച്ചിരുന്നു. കേരളാ കോൺഗ്രസ്സ് എം ഇടതുപക്ഷ മുന്നണി വിടുന്നു എന്നുള്ള പ്രചാരണങ്ങൾ കെട്ടടങ്ങിയ ശേഷമാണ് കെ.എം. മാണി ഫൗണ്ടേഷന് സർക്കാർ തുക അനുവദിച്ചത്. സർക്കാരിന്റെ ആദ്യകാലത്ത് കെ എം മാണി ഫൗണ്ടേഷൻ പ്രഖ്യാപിച്ചെങ്കിലും നടപ്പിലാകാഞ്ഞത് കേരളാ കോൺഗ്രസ്സ് എമ്മിനെ എൽ.ഡി.എഫ് തഴയുന്നു എന്നാ പ്രചാരണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തുക അനുവദിച്ചതോടെ കെ എം മാണിയെയും കേരളാ കോൺഗ്രസ്സ് എമ്മിനെയും ഇടതുപക്ഷ സർക്കാരാണ് കൂടുതൽ ചേർത്തു നിർത്തുന്നത് എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. പാലാ ഇൻഫോ സിറ്റിക്ക് ഏഴ് കോടി രൂപയാണ് സർക്കാർ ഇപ്പോൾ അനുവദിച്ചത്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. ട്രിപ്പിൾ ഐ.ടി ക്ക് സമീപമാണ് ഇൻഫോ സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2022-ൽ ജോസ് കെ.മാണി സംസ്ഥാന സർക്കാരിന് മുൻപിൽ എത്തിച്ച പദ്ധതിയാണ് ഇത്. തുടക്കത്തിൽ 5 കോടി രൂപ അനുവദിച്ചെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ഇപ്പോൾ 7 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുകയാണ്. പാലാ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആറ് കോടി അനുവദിച്ചിട്ടുണ്ട്. മുത്തോലി ടെക്നിക്കൽ സ്കൂളിനോട് ചേർന്ന് ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ പണികൾ പാതി വഴി നിലച്ചിരിക്കുകയായിരുന്നു. യു.പി.എ. സർക്കാരിന്റെ കാലത്ത് കേന്ദ്രപദ്ധതിയായി പ്രഖ്യാപിച്ചതാണ്. 2014-ൽ ജോസ് കെ.മാണിയാണ് ഇതിനായി ശ്രമിച്ചത്. പാമ്പാടിയിൽ ജോൺ ജോസഫിന് സ്മാരകം പണിയുന്നതിന് രണ്ട് കോടി രൂപ, നാഗമ്പടം ക്ഷേത്രത്തിൽ തീർഥാടനകേന്ദ്രം തുടങ്ങാൻ രണ്ട് കോടി എന്നിവയാണ് കോട്ടയവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രഖ്യാപനങ്ങൾ. നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരി റെയിൽ പാതയുടെ പദ്ധതിയുടെ പാതിച്ചെലവ് വഹിക്കാൻ സംസ്ഥാനം ഇപ്പോൾ തീരുമാനിച്ചതും കോട്ടയം ജില്ലയ്ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയാണ്.