എരുമേലി: പൂഞ്ഞാർ പിടിക്കാൻ പിസി ജോർജിനെ കളത്തിൽ ഇറക്കാൻ ബിജെപി. രാഷ്ട്രീയ കേരളത്തിന്റെ സമവാക്യങ്ങൾ മാറ്റിക്കുറിക്കാൻ സാധ്യതയുള്ള വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലും വിജയ സാധ്യത തേടുകയാണ് ബി ജെ പി.

പാർട്ടിക്കൊപ്പവും ഒറ്റക്ക് നിന്നും പൂഞ്ഞാറിന്റെ മനസ്സ് കീഴടക്കിയ ജനമുഖനായ നേതാവായിരുന്ന പി സി ജോർജ്ജ് മത്സരിക്കണമെന്ന നിലപാട് പ്രവർത്തകരിലുണ്ട്. പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി സി ജോർജ്ജ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ താല്പര്യമുണ്ടെന്ന ജോർജിന്റെ നിലപാട് അംഗീകരിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ സ്വതന്ത്രനായി ഒരു മുന്നണിയുടെയും പാർട്ടിയുടെയും പിൻബലമില്ലാതെ മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താൻ ജോർജിന് കഴിഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്തടുത്ത മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം ഉറപ്പുവരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. പി സി ജോർജ്ജ് മത്സര രംഗത്ത് എത്തിയാൽ യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പൂഞ്ഞാറിന്റെ മണ്ണിലും തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല. 7 തവണയോളം എം എൽ എ ആയിരുന്നു പി സി ജോർജ്ജ്. മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമാക്കി പൂഞ്ഞാറിനെയും പാലായെയും മാറ്റിയെടുക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് പി സി ജോർജ്ജിന്റേത്. ഇക്കാരണത്താലാണ് പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ ബിജെപി പരിഗണിക്കാതിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി ഫെബ്രുവരി ആദ്യവാരം പുറത്തു വിടുമെന്നാണ് കരുതുന്നത്.

