ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ വിവാദം പുകയുന്നു.


കോട്ടയം: കോട്ടയം പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച് പ്രചരിപ്പിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു.

 

 എൽഡിഎഫ് നടത്തുന്ന കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി ജാഥാ ക്യാപ്റ്റനായുള്ള വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വെച്ച് പ്രചരിപ്പിച്ചത്. ക്രൈസ്തവ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും, നമ്മിൽ നിന്നും വേർപെട്ടുപോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ മധ്യമേഖല ജാഥയുടെ ക്യാപ്റ്റൻ ജോസ് കെ മാണിയും എൽഡിഎഫ് നേതൃത്വവും തയ്യാറാകണം എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. എന്നാൽ സംഭവത്തിൽ എൽഡിഎഫിന് പങ്കില്ലെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയതായും സിപിഎം പുതുപ്പള്ളി ലോക്കൽ കമ്മറ്റി അറിയിച്ചു. ഈ പ്രവർത്തിയെ തള്ളിപ്പറയുവാനും ജാഥ ക്യാപ്റ്റൻ എന്ന നിലയിൽ ഈ വിഷയത്തിൽ പുതുപ്പള്ളിയിലെ വിശ്വാസ സമൂഹത്തോടു ഖേദം പ്രകടിപ്പിക്കുവാനും ജോസ് കെ മാണി തയ്യാറാവണം എന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.