കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിൽ.


കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനിൽ അവസാനിക്കുന്ന ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് ടാറിംഗ് ജോലികൾക്ക് തുടക്കം കുറിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി എംഎൽഎ വ്യക്തമാക്കി. ബി.എം ആൻഡ് ബി.സി ടാറിംഗ് നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി റോഡ് ബലവത്താക്കാനുള്ള നിർമ്മാണ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും നടപ്പാക്കുന്ന വിധത്തിലാണ് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ പൂർത്തീകരണ ജോലികൾ ക്രമീകരിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. കടുത്തുരുത്തി പിറവം റോഡിൻ്റെ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെ ടാറിംഗ് ജോലികളും ഒരേസമയം നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. രണ്ട് സ്ഥലത്തും അന്തിമഘട്ട ജോലികൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെയും കടുത്തുരുത്തി-പിറവം റോഡിൻ്റെയും ടാറിംഗ് ജോലികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന് ആവശ്യമായ അടിയന്തര ഇടപെടലുകൾ ഇക്കാര്യങ്ങളിൽ നടത്തിയിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.

Next
This is the most recent post.
Previous
Older Post