വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പി ആർ സോന മത്സരിച്ചേക്കും. ജില്ലയിൽ വൈക്കം നിയോജകമണ്ഡലത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ്സ് സ്ഥാനാർഥി ശുപാർശ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് സോന മാത്രമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പി.ആർ സോന വൈക്കത്തു നിന്നും ജനവിധി തേടിയിരുന്നു. ഇതോടെ വൈക്കം നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ആയ സി കെ ആശയ്‌ക്കെതിരെ ശക്തമായ പോരാട്ടമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. വൈക്കത്തു നിന്നും സി.കെ ആശ തുടർച്ചയായ രണ്ടാം തവണയാണ് നിയമസഭയിൽ എത്തുന്നത്.
കോട്ടയം നഗരസഭയുടെ മുൻ ചെയർപേഴ്‌സനും കെ പി സി സി ഭാരവാഹിയുമാണ് ഡോ.പി.ആർ.സോന. മുൻപ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പിലൂടെ കോട്ടയം നഗരത്തിന്റെ മാതാവായി വിജയിച്ചു കയറിയ സോന എം ജി സർവ്വകലാശാലയിൽ നിന്നും മലയാള ഭാഷയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം നഗരസഭാധ്യക്ഷ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. പി.ആർ സോനാ. കഴിഞ്ഞ തവണ മൂന്നു മുന്നണികളിലെയും വനിതാ സാരഥികൾ മത്സരിച്ച മണ്ഡലം എന്ന ശ്രദ്ധ നേടിയ നിയമസഭാ മണ്ഡലമാണ് വൈക്കം. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ സാരഥി സി കെ ആശ,യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സാരഥി ഡോ.പി ആർ സോന, എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി അജിതാ സാബുവുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജില്ലയിൽ സിപിഐ യുടെ ഏക സീറ്റ് ആയിരുന്ന വൈക്കം ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് സി കെ ആശയെ വൈക്കം നിയമസഭയിലേക്കയച്ചത്. കഴിഞ്ഞ തവണ 42,266 വോട്ടുകളാണ് ഡോ.പി.ആർ.സോന വൈക്കത്തു നിന്നും നേടിയത്.


