എരുമേലി: എരുമേലിയിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടിയത് രേഖകളില്ലാത്ത 64 ലക്ഷം രൂപ. സംഭവത്തിൽ എരുമേലി സ്വദേശിയും മൊബൈൽ ഷോപ്പ് ഉടമയുമായ അബ്ദുൾ ഷുക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിൽനിന്ന് പാലായിൽ എത്തിച്ച പണം അവിടെ നിന്ന് ഇയാൾ കെഎസ്ആർടിസി ബസിലാണ് എരുമേലിയിൽ എത്തിച്ചത്. കോട്ടയം ജിലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും എരുമേലി പോലീസും ചേർന്നാണ് പണം പിടികൂടിയത്. ഇയാളിൽ നിന്നും 11 ലക്ഷം രൂപയുടെ മലേഷ്യൻ കറൻസിയും പിടികൂടിയിട്ടുണ്ട്. എരുമേലി കെഎസ്ആർടിസി ബസ്റ്റാൻഡിനു സമീപത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

