പാലാ: പാലത്തിനടിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നഗരസഭ തയ്യാറാകുന്നില്ല എന്ന് ആരോപിച്ചു പാലാ നഗരസഭയ്ക്ക് മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു പ്രതിഷേധം. വ്യാപാരിയായ പാലാ സ്വദേശി അജി മാർക്കോസ്(51) ആണ് പാലാ നഗരസഭയ്ക്ക് മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി പ്രതിഷേധിക്കുന്നത്.

പാലാ റിവർ വ്യൂ റോഡിൽ വലിയ പാലത്തിനു താഴെ ആർ വി പാർക്കിനു സമീപം സർക്കാർ റവന്യു പുറമ്പോക്ക് ഭൂമിയിൽ ബങ്ക് ലൈസൻസിന്റെ മറവിൽ സ്വകാര്യ വ്യക്തി അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ തയ്യാറാകാത്തത്തിൽ പ്രതിഷേധിച്ചാണ് ഈ വേറിട്ട പ്രതിഷേധ പരിപാടി. സ്ഥലത്ത് കെട്ടിടം പണിയുന്നതിന് മുൻപ് അഞ്ച് അടി നടപ്പു വഴിയുണ്ടായിരുന്നതായും നിർമ്മാണത്തിന് ശേഷം വഴി ഒന്നരയടിയായി ചുരുങ്ങിയതായും അജി മാർക്കോസ് പറഞ്ഞു. അനധികൃതമായി പണിത കെട്ടിടം പൊളിച്ചു മാറ്റി വഴി പൂർവ്വ സ്ഥിതിയിലാക്കി ജനസഞ്ചാര യോഗ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമ്മാണം നടന്നത് നഗരസഭാ സെക്രട്ടറിയുടെ അറിവോടെയാണ് എന്നാണു ഇദ്ദേഹം പറഞ്ഞത്. അതേസമയം റവന്യു പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതിൽ ഉടമയ്ക്ക് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ നോട്ടിസ് നൽകിയിട്ടുണ്ട്. നിയമപ്രകാരമുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നു നഗരസഭാ അധികൃതർ പറഞ്ഞു.

