പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലായിൽ രാഷ്ട്രീയ പോരിന് പുതിയ കളമൊരുങ്ങുന്നു. മുന്നണികളിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകളും തീരുമാനങ്ങളും തകൃതിയായി നടക്കുമ്പോൾ പാലായിൽ പോരിന് പുതിയ മുഖമൊരുങ്ങുന്നതായി അണിയറ വിവരങ്ങൾ.

പാലാ നിയോജകമണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പേര് മുന്നണിയുടെ സജീവ പരിഗണനയിൽ. പാലായിൽ നിഷ മത്സരിക്കാനാണ് സാധ്യതയെന്നാണ് വിവരങ്ങൾ. മുന്നണിയിലും ഇതിനോട് എതിരഭിപ്രായങ്ങൾ ഇല്ലെന്നിരിക്കെ പാലായിൽ നിഷ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം പാലായിൽ മത്സരിക്കുമെന്നോ മത്സരിക്കാനുള്ള താല്പര്യമോ ഇതുവരെ ജോസ് കെ മാണി പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞെങ്കിലും പാർട്ടി ചർച്ച ചെയ്തു സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. അടുത്തിടെയായുള്ള പാലായിലെ പൊതുപരിപാടികളിൽ നിഷയുടെ സാന്നിധ്യം സ്ഥാനാർത്ഥിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ നിഷ സ്ഥാനാർത്ഥിയായി വരുന്നതിനോട് റോഷി അഗസ്റ്റിനും റോഷി പക്ഷത്തിനും എതിർപ്പുണ്ട്. ഇക്കാരണത്താലാണ് പാലായിൽ ജോസ് മത്സരിക്കുമെന്ന് ചാടിക്കയറി റോഷി പ്രഖ്യാപിച്ചത് എന്നൊരു സംസാരവും അടക്കം പറച്ചിലും പാർട്ടിക്കുള്ളിലും പുറത്തുമുണ്ട്. അതേസമയം റോഷിക്കും ജോസിനും പാർട്ടിക്കുള്ളിൽ വിയോജിപ്പുകളുണ്ടെന്നാണ് സംസാരം. ഓരോ തെരഞ്ഞെടുപ്പിലും എം പി സ്ഥാനം രാജിവെച്ചു മത്സരിക്കുന്നത് ഇനിയും തുടർന്നാൽ ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദായിൽ നിന്നും ജോസ് പിൻവലിഞ്ഞു നിൽക്കാനുള്ള കാരണമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടിയെ ജോസ് കെ മാണിക്കുമുപരിയായി കൈപ്പിടിയിലൊതുക്കാൻ റോഷി ശ്രമിക്കുന്നതായും സംസാരമുണ്ട്. പാലായിൽ നിഷ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും ജോസ് കെ മാണി രാജ്യസഭാ എം പി യായി തുടരുകയും ചെയ്‌താൽ പാർട്ടിക്കുള്ളിൽ റോഷിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യപ്പെടുമെന്ന ഉൾഭയം നിലനിൽക്കുന്നുണ്ട്. ഇതാണ് നിഷയെ പാലായിൽ സ്ഥാനാര്ഥിയാക്കുന്നതിനോട് റോഷിക്കും കൂട്ടർക്കും വിയോജിപ്പിനുള്ള കാരണം. മറ്റൊരു കരണമുള്ളത് നിഷ വിജയിക്കുകയും ഇടതുമുന്നണി ഭരണത്തിൽ എത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇടുക്കിയിൽ വിജയിച്ചാൽപോലും റോഷിക്ക് മന്ത്രിസ്ഥാനം കിട്ടണമെന്നില്ല. ഇതും റോഷി മനസ്സിൽ കാണുന്നു. നിഷയുടെ സ്ഥാനാര്ഥിത്വത്തിന്റെ പേരിൽ ജോസും റോഷിയും തമ്മിൽ ഭിന്നത ഉടലെടുത്താൽ അത് കേരള കോൺഗ്രസ് എമ്മിനെ വീണ്ടുമൊരു പിളർപ്പിലെത്തിക്കാൻ സാധ്യതയുണ്ട്. യുഡിഎഫിലേക്കു പോകാൻ ശ്രമിച്ച ജോസ് കെ മാണിയുടെ പരിശ്രമങ്ങൾക്ക് തടയിട്ടതും റോഷിയുടെ ശക്തമായ നിലപാടാണ് എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പുറത്തു വന്ന ശബ്ദരേഖയും ഇത് അടിവരയിടുന്നുണ്ട്. പാലായിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കാൻ സാധ്യതയുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും എൻ ഡി എ സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജും കളത്തിലെത്തുന്നതോടെ മത്‌സരം മറ്റൊരു ലെവലിലേക്ക് മാറ്റപ്പെടും. രാഷ്‌ടീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാന മണ്ഡലമായി പാലാ മാറും. കാത്തിരിക്കാം പാലായുടെ രാഷ്ട്രീയ നീക്കങ്ങൾക്കും ഉത്തരങ്ങൾക്കും.

