ചേനപ്പാടി: പാലായിൽ വാഹനാപകടത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശികളായ സഹോദരങ്ങളുടെ സംസ്കാരം ഇന്ന്. കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി നാഗമറ്റത്തിൽ ശ്രീനാഥ് എൻ.എസ് ( അപ്പു-22), സഹോദരി ശ്രീലക്ഷ്മി( അമ്മു-24) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പാലാ കടപ്പാട്ടൂർ ഭാഗത്ത് വെച്ചാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ ശ്രീനാഥ് അന്ന് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. അപകട വാർത്ത ഞെട്ടലോടെയാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി ഗ്രാമം കേട്ടത്. ഇപ്പോഴും ഒരുമിച്ചു നാടിന്റെ ഏതാവശ്യത്തിനും മുൻപിലുണ്ടായിരുന്ന രണ്ടു പേരാണ് ഇന്ന് ചേതനയറ്റ ശരീരങ്ങളായി വീട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടം സംഭവിച്ചയുടനെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്. കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയാണ് ശ്രീലക്ഷ്മി. പരേതനായ സന്തോഷ്, ശ്രീജ ദമ്പതികളുടെ മക്കളാണ് ഇരുവരും. കാഞ്ഞിരപ്പള്ളി പുൽപ്പൽ ടെക്സ്റ്റിൽസിലെ ജീവനക്കാരിയാണ് ശ്രീജ. നാടിനു എപ്പോഴും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. അപകടവാർത്ത ഞെട്ടലോടെയാണ് ചേനപ്പാടി ഗ്രാമം കേട്ടത്. പിതാവ് സന്തോഷ് രണ്ടുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് ചേനപ്പാടി കിഴക്കേക്കരയിലുള്ള വീട്ടുവളപ്പിൽ നടക്കും. സഹോദരന്റെ മരണ വാർത്തയറിയാതെ ജീവനായി ശ്രീലക്ഷ്മി പൊരുതിയെങ്കിലും അവസാന യാത്രയിൽ കൂടെപ്പിറപ്പിനെ ഒറ്റയ്ക്കാതെ പ്രിയപ്പെട്ടവന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും യാത്രയാകുകയായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്ന രണ്ട് മക്കൾ ഒരേ ചിതയിലേക്ക് മടങ്ങുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷിമിക്കായി നാട് മുഴുവൻ പ്രാത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.
