കോട്ടയം: കാത്തിരുന്നു കാത്തിരുന്ന് പ്രതീക്ഷിക്കാതെയെത്തിയ വേനൽ മഴയിൽ നാട് ആശ്വസിക്കുമ്പോൾ ദുരിതത്തിലായത് ജില്ലയിലെ നെൽ കർഷകരാണ്. ശക്തമായ മഴ എത്തിയതോടെ നെൽ പാടങ്ങളിൽ വെള്ളം കയറിയതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പടുത ഉപയോഗിച്ച് മാത്രമാണ് മൂടിയിരിക്കുന്നത്. മഴ കനത്താൽ നെല്ല് നനയാനും പാടങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. ഈർപ്പം ഉണ്ടായാലോ നെല്ല് ഉണങ്ങാതെ വന്നാലോ തൂക്കത്തിൽ നെല്ല് സംഭരിക്കുന്നവർക്ക് കിഴിവ് നൽകേണ്ടി വരും. ഇത് കൊള്ളയ്ക്ക് കാരണമാകുമെന്ന് കർഷകർ പറയുന്നു. നിലവിൽ തന്നെ അഞ്ച് കിലോയോളം കിഴിവ് നൽകേണ്ടി വരുന്നുണ്ട്. നിലവിൽ ജില്ലയിലെ പാടശേഖരങ്ങളിൽ നിന്നും 23359 ടൺ നെല്ല് മാത്രമാണ് സംഭരിച്ചിട്ടുള്ളത്. ഇനിയും ഇതിന്റെ ഇരട്ടിയിലേറെ ടൺ നെല്ലാണ് സംഭരിക്കാനുള്ളത്. സംഭരിച്ച നെല്ലിന്റെ തുക ഇപ്പോഴും നിരവധി കർഷകർക്ക് ലഭിക്കാനുണ്ടെന്നും തുക കുടിശ്ശികയാണെന്നും കർഷകർ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ടു നെല്ല് സംഭരണം വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഫയൽ ഫോട്ടോ

