പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിഷ മത്സരരംഗത്ത് ഇറങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. സ്ഥാനാർത്ഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. അതിനുശേഷം പാർട്ടി ചെയർമാൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും റോഷി പറഞ്ഞു.

നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതിർപ്പെന്നും അവരുടെ പ്രവർത്തനം നോക്കിക്കാണുന്നവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം പറഞ്ഞത്. പാലായുടെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് നിഷ. അവരുമായി തനിക്ക് പ്രശനങ്ങളില്ലെന്നും അവരെ അടുത്തറിയുന്ന ആരും അവർ പൊതുരംഗത്തേക്ക് വരണമെന്ന് കരുത്തുമെന്നും റോഷി പറഞ്ഞു. പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പാലയിൽ നിഷയുടെ സ്ഥാനാർത്ഥിത്വം ജോസ് കെ മാണി തള്ളുകയാണ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമെല്ലാം വരുമ്പോൾ നിഷ മത്സരിക്കാൻ പോകുന്നുവെന്ന് പറഞ്ഞുകേൾക്കാം ഇതൊരു രോഗമാണെന്ന് തോന്നുന്നു, നിഷേധിച്ച് മടുത്തു എന്നാണു ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജോസ് കെ മാണി പറഞ്ഞത്.

