തിരുവനന്തപുരം: ആന്‍റോ ആന്‍റണി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ല എന്നും സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല എന്നും ആരോപണമുന്നയിച്ചു തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജു.

 

 ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനമാണ് ഇത്. 2019ൽ പണം വാങ്ങുമ്പോൾ രണ്ട് മാസത്തിനകം തിരിച്ചുനൽകുമെന്നാണ് പറഞ്ഞത്. എന്നാൽ ഏഴ് വർഷമായിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു കിട്ടിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താനും മകളുമടക്കം ആന്റോയുടെ വീട്ടിലെത്തി കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല എന്നും എൻ.എം രാജു പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. തന്ത്രിയുടെ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ആന്‍റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ പണം നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.