കോട്ടയത്ത് പണിമുടക്കിൽ വലഞ്ഞു ജനജീവിതം, ജില്ലയിൽ കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നില്ല, എരുമേലിയിൽ നിന്നും പമ്പ സർവ്വീസ് മാത്രം.


കോട്ടയം: ദേശീയപണിമുടക്കിൽ വലഞ്ഞു കോട്ടയത്ത് ജനജീവിതം. ജില്ലയിൽ കെ എസ് ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. ദീർഘദൂര ബസ്സുകളിൽ നിന്നും എത്തിയ യാത്രക്കാരാണ് തുടർയാത്രയ്ക്ക് വാഹനം കിട്ടാതെ വലഞ്ഞത്.

 

 സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനായി ബസ്സ് സർവ്വീസുകൾ നിലച്ചിരിക്കുകയാണ്. എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പമ്പ സർവ്വീസ് മാത്രമാണ് നടത്തുന്നത്. എലാ ഡിപ്പോകളിലും ജീവനക്കാർ ഹാജരായിട്ടുണ്ടെങ്കിലും സർവ്വീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല. ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കോട്ടയം മാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കോട്ടയത്തു നിന്നും കെ എസ് ആർ ടി സി മെഡിക്കൽ കോളേജ് സർവ്വീസ് നടത്തി. സ്വകാര്യ ബസ്സ് സർവ്വീസ് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളി യൂണിയനുകൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. നിരത്തിലിറങ്ങിയിട്ടുള്ള സ്വകാര്യ വാഹനങ്ങൾ എവിടെയും തടയുന്നില്ല. ജില്ലയിൽ നിലവിൽ അക്രമ സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.