തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്.


കോട്ടയം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

 

 വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് കോട്ടയം വെസ്റ്റ്  സ്റ്റേഷനിൽ കോൾ വരികയായിരുന്നു. ഇതേ തുടർന്ന് സംഭവം അന്വേഷിക്കാനായി എസ് ഐ ജയകുമാർ, സിവിൽ പോലീസ് ഓഫീസർ പ്രതാപൻ എന്നിവർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന ഗൃഹനാഥൻ ഈ സമയം മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തിയ ശേഷം വീട്ടിൽനിന്ന് ഓടിപ്പോവുകയും ചെയ്തിരുന്നു. നാട്ടുകാരുടെ സഹായത്തോടുകൂടി ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പോലീസ് ഇയാളെ കണ്ടെത്തി ആംബുലൻസിൽ കയറ്റി ഭാര്യയോടും ബന്ധുക്കളോടും ഒപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോലീസ് നാട്ടുകാരുമായി ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് 40 ശതമാനത്തിലധികം പൊള്ളലേറ്റ ആളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായകമായത്. ടൈൽ പണിക്കാരൻ ആയ ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വീട് ജപ്തി ഭീഷണിയിൽ ആയിരുന്നുവെന്നും പറയപ്പെടുന്നു.