കോട്ടയം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.

1928 ജനുവരി 19ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വ്യക്തി ജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാനും സമൂഹികനില മെച്ചപ്പെടുത്താനും വേണ്ടിയുള്ളതാണ്. അന്തർദേശീയതീർത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തിനെ ഉയർത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വദർശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാനവികതയുടെ തീർഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം ഉയരും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തി അനുവദിച്ചത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

