മുണ്ടക്കയം: റോഡിൽ കിടന്നു കിട്ടിയ ഒരു പവന്റെ സ്വർണ്ണമാല സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉടമയെ കണ്ടെത്തി തിരികെ നൽകി മുണ്ടക്കയം സ്വദേശി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി രാജേഷ് ആണ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ വീണുകിടന്ന നിലയിൽ സ്വർണ്ണമാല കണ്ടത്.

ഉടനെ തന്നെ പ്രാഥമികമായി അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് മാല സുരക്ഷിതമായി മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ രാജേഷ് സംഭവം വിശദീകരിച്ചു മാല സ്റ്റേഷനിൽ ഏൽപ്പിച്ചു. മാല ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെ മാല നഷ്ടപ്പെട്ട യഥാർത്ഥ ഉടമ രേഖകളുമായി എത്തി മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും മാല സ്വീകരിച്ചു. വളരെയധികം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ടും തനിക്ക് അർഹമല്ലാത്ത മുതൽ അതിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി നൽകാനായിരുന്നു രാജേഷ് തീരുമാനിച്ചത്. യുവാവിന്റെ സത്യസന്ധയിൽ പോലീസ് അഭിനന്ദിക്കുകയും മാല കൈമാറുകയും ചെയ്തു.

