കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കെഎസ്‌യു ആക്രമണം അങ്ങേയറ്റം അപലപനീയമാണ് എന്ന് മന്ത്രി വി എൻ വാസവൻ.

ലോകത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിൻറെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിൻറെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിൻ്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയായ ഒരു പൊതുപ്രവർത്തകക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷനേതാവിൻ്റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല. കേരളത്തിൻ്റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. ജനാധിപത്യ വിശ്വാസികൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. മന്ത്രി വീണാ ജോർജ്ജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചു.
