കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. കാഞ്ഞിരപ്പള്ളിയിൽ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്സ് പതാക കത്തിച്ചു.

പരിപാടികളിൽ പങ്കെടുത്തു മടങ്ങുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് മന്ത്രിക്കു പരുക്കേറ്റത്. കോട്ടയം ജില്ലയിലെ എല്ലാ മേഖലകളിലും സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രി വീണാ ജോർജ്ജിനെ സന്ദർശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ കെ ശൈലജ ടീച്ചർ സന്ദർശിച്ചു. രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ അക്രമം കൊണ്ട് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. കോൺഗ്രസിൻ്റെ ക്രിമിനൽ രീതിക്കെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നും ഉയർന്നുവരുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ വധശ്രമത്തിനു കേസെടുത്തു. സമകാലിക കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമാണിന്ന് എന്നും ഒരു വനിത എന്ന പരിഗണന പോലും നൽകാതെ മന്ത്രി വീണ ജോർജ്ജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയത് അത്യന്തം ഹീനമായ ആക്രമണമാണ് എന്നും ജോസ് കെ മാണി എം പി പറഞ്ഞു.
