കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മുന്നണികളിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണ്ണയവും പൊടിപൊടിയ്ക്കുകയാണ്. ഇടത് മുന്നണിയിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സംസ്ഥാന കൗൺസിൽ ആരംഭിച്ചു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങിയിരിക്കുകയാണ് ഇടത് മുന്നണി. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ജെയിക് സി തോമസ് മത്സരിക്കുന്നില്ല എന്ന് നേതൃത്വത്തെ അറിയിച്ചതോടെ മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർത്ഥിക്ക് അവസരം നൽകാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം പുതുപ്പള്ളിയിൽ പൊതുസ്വതന്ത്ര സ്ഥാനാർഥി മത്സരിക്കാനും കളം തെളിയുന്നുണ്ട്. റെജി സഖറിയ, കെ എം രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളാണ് ആദ്യം പരിഗണിച്ചത്. എന്നാൽ റെജി സഖറിയ മത്സരിക്കാൻ തലപര്യമില്ല എന്ന് അറിയിക്കുകയായിരുന്നു. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന്റെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സിറ്റിംഗ് സീറ്റുകളിൽ മാറ്റമില്ല എന്നാണു നിലവിലെ വിവരം. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, പാലായിൽ ജോസ് കെ മാണിയും മത്സരരംഗത്തിറങ്ങും. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സീറ്റായ കടുത്തുരുത്തിയിൽ പുതുമുഖ സ്ഥാനാത്ഥിക്കായിരിക്കും പ്രാധാന്യം നൽകുക. കടുത്തുരുത്തിയിൽ പി എം മാത്യു സ്ഥാനാർത്ഥിയാകാനാണ് സാധ്യത. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ് ഇദ്ദേഹം. വൈക്കത്ത് സി പി ഐ സീറ്റിൽ മൂന്നാമത് മത്സരിക്കാൻ സി കെ ആശയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ ഇവിടെയും പുതുമുഖ സ്ഥാനാർഥി എത്തിയേക്കും. പി പ്രദീപിനാണ് ഇവിടെ സാധ്യത.
