നേരിയ ആശ്വാസത്തിൽ ജില്ല, കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് വികിരണ തോത് കുറഞ്ഞു, മുൻകരുതൽ ഒഴിവാക്കരുത്.


കോട്ടയം: കോട്ടയം ജില്ലയിൽ ഉയർന്നു നിന്നിരുന്ന അൾട്രാവയലറ്റ് വികിരണ തോത് കുറഞ്ഞു. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക നേരിയ തോതിൽ കുറഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രേഖപ്പെടുത്തപ്പെട്ട അൾട്രാവയലറ്റ് സൂചിക 7 ആണ്. നിലവിൽ ജില്ല യെല്ലോ അലെർട്ടിലാണുള്ളത്. നേരിയ രീതിയിൽ അൾട്രാവയലറ്റ് വികിരണ തോത് കുറഞ്ഞെങ്കിലും മുൻകരുതലുകൾ ഒഴിവാക്കരുതെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.