പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരാളിയായി ഇടതുപക്ഷത്തിന്റെ പുതുമുഖം! ഇത്തവണ ജെയ്ക് സി തോമസ് മത്സരിക്കാനില്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോട്ടയവും


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി പി എം ആദ്യഘട്ട പ്രവർത്തന പരിപാടികളിലേക്ക് കിടക്കുന്നതായി സൂചന. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും ജില്ലയിൽ കോട്ടയവും ഏറ്റുമാനൂരും ഉൾപ്പടെ 3 മണ്ഡലങ്ങളിൽ സി പി എം സ്ഥാനാർഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായതായി പാർട്ടിയോട് ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

 

 പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരാളിയായി ഇടതുപക്ഷത്തിന്റെ പുതുമുഖം എത്തും. പുതുപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ജെയ്ക് സി തോമസ് അറിയിച്ചതോടെയാണ് മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർത്ഥിയെ പാർട്ടി തേടുന്നത്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ മന്ത്രി വി.എൻ. വാസവൻ വീണ്ടും മത്സരിക്കും. കോട്ടയത്ത് ഇത്തവണയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ ആണ് മത്സര രംഗത്തുള്ളത്. ഏറ്റുമാനൂരും കോട്ടയവും പാർട്ടി സ്ഥാനാർത്ഥികളെ ഉറപ്പിച്ചു കഴിഞ്ഞു. പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എൽ ഡി എഫിന്റെ വികസന മുന്നേറ്റ യാത്ര കഴിഞ്ഞതോടെ മണ്ഡലങ്ങൾ തോറുമുള്ള വികസന സന്ദേശ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവൻ കഴിഞ്ഞ 3 ദിവസമായി നടത്തിയ യാത്ര ഇന്ന് സമാപിച്ചു. കോട്ടയം മണ്ഡലത്തിൽ കെ അനിൽകുമാറാണ് യാത്ര നയിക്കുന്നത്. എം എൽ എ മാരുള്ള മണ്ഡലങ്ങളിൽ അവരും മറ്റു മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചവരുമാണ് യാത്ര നയിക്കുന്നത്. പുതുപ്പള്ളിയിൽ ജെയ്ക് പിന്മാറിയതോടെ പുതുപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി സുഭാഷ് പി. വർഗീസും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം. രാധാകൃഷ്ണനും ആണ് സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.