കാഞ്ഞിരപ്പള്ളി: സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂർ കൂടി വർധിപ്പിക്കുന്നത് വളരെ ആപൽക്കരണമാണെന്നു മാർ ജോസ് പുളിക്കൽ പറഞ്ഞു.

ഇത്തരം നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ മദ്യപാനം ഒഴിവാക്കാൻ എങ്ങനെയാണ് ആളുകളോട് ആവശ്യപ്പെടുക എന്നും മാർ ജോസ് പുളിക്കൽ ചോദിച്ചു. മദ്യപാനം മൂലം കുടുംബങ്ങൾ തകരുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മദ്യനയം വിമർശനം ഉയർത്തുന്നതാന്നെന്നു ബിഷപ്പ് പറഞ്ഞു. സർക്കാരിന്റെ ഇത്തരം നയങ്ങൾ അപകടകരവും പ്രതിഷേധാർഹവുമാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. 50 ൽ താഴെയുണ്ടായിരുന്ന ബാറുകളുടെ എണ്ണം 800 ലധികമായി വർധിപ്പിച്ചിരുന്നു എന്നും അനുകൂല സാഹചര്യങ്ങൾ ഒരുക്കി വെച്ചിട്ടു മദ്യം വർജ്ജിക്കണമെന്നു എങ്ങനെ പറയാനാകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. സമൂഹത്തിനു അപകടകരമായ നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഇത്തരത്തിലുള്ള തീരുമാനം പിൻവലിക്കണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷനും രംഗത്ത് എത്തിയിരുന്നു.

