മരങ്ങാട്ടുപിള്ളി: മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട കുറിച്ചിത്താനം വില്ലേജ് ഓഫീസ് ആധുനിക സൗകര്യം ഏർപ്പെടുത്തുന്ന സ്മാർട്ട് വില്ലേജ് ഓഫീസാക്കി വിപുലീകരിക്കുന്നതിൻ്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ നിർവഹിച്ചു.

റവന്യൂ മന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനത്തെ തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. മോൻസ് ജോസഫ് എംഎൽഎ ശിലാഫലകം അനാവരണം ചെയ്ത് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിൽ നടപ്പിലാക്കി വരുന്ന ആധുനികവൽക്കരണത്തിൻ്റെ ഭാഗമായിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെട്ട കുറിച്ചിത്താനം സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാക്കുന്നതിന് 45 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണ പദ്ധതിക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് മന്ത്രി വ്യക്തമാക്കി. സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണ ജോലികൾക്ക് കൂടുതലായി വേണ്ടി വരുന്ന തുകയും ആധുനികവൽക്കരണ കമ്പ്യൂട്ടർ ജോലികൾക്ക് ആവശ്യമായി വരുന്നതുമുൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്ക് ആവശ്യമായ എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കുറിച്ചിത്താനം സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ സോളി ആൻ്റണി പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിബി മത്തായി, ബ്ലോക്ക് മെമ്പർമാരായ ബെൽജി ഇമ്മാനുവൽ, ജൂബി തെക്കേൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി ജയ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, ജനപ്രതിനിധികളായ സണ്ണി സെബാസ്റ്റ്യൻ, ജോസഫ്, മമത ഹരികുമാർ, ഷീജ, പ്രസീദ പി, റോബിൻ കരിപ്പാത്ത്, ബിനീഷ് ഭാസ്കരൻ, മേരി ഹെലൻ, അനു സിബു മുളങ്ങാട്ടിൽ, ആശാ വർമ്മ, ജാൻസി ടോജോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബിനീഷ് കെ.ഡി, മാർട്ടിൻ അഗസ്റ്റിൻ പന്നിക്കോട്ട്, ജിജോ കുടിയിരുപ്പിൽ, സജിമോൻ സി.റ്റി, രഞ്ജിത്ത് കൊട്ടാരം, അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.

