മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കലിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ധനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു കുടുംബം. കൂട്ടിക്കൽ സെൻ്റ്ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി ബാബുവിനാണ് സഹപാഠികളുടെ ക്രൂര മർദ്ധനമേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജോയലിനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മൃഗീയമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തലയിലും മുഖത്തും വയറിലും ഗുരുതരമായി പരിക്കും ചതവും ഉണ്ടായി. മൂക്കിൽ നിന്നും കണ്ണിൽ നിന്നും രക്തം വരുന്ന നിലയിലാണ് ജോയലിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിൽ നിന്നും അധ്യാപകർ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ സ്‌കൂളിൽ എത്തിയത്. മുഖത്തും കണ്ണിലും മൂക്കിൽ നിന്നും രക്തം വരുന്ന നിലയിൽ ജോയൽ കിടക്കുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു. ക്‌ളാസിൽ നിന്ന് വിളിച്ചിറക്കി എട്ടോളം പേർ ചേർന്ന് ക്രൂരമായി മർദ്ധിക്കുകയായിരുന്നു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ സമരത്തിലായതിനാൽ ചികിത്സ ലഭിച്ചില്ല. തുടർന്ന് മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയമായപ്പോഴേക്കും ജോയൽ രക്തം ചർദ്ധിക്കുകയും മുഖമെല്ലാം നീരുവെയ്ക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു എന്ന് മാതാവ് പറഞ്ഞു. ആരോഗ്യനില വഷളായതോടെയാണ് പാലായിൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കാഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് ആശുപത്രിയിൽ ചെന്ന് മൊഴിയെടുത്തു. പോലീസ് കേസെടുത്തെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് കുടുംബം ആരോപിക്കുന്നു. പ്രഭാഷകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്‌സ് പാണ്ടനാട് ആശുപത്രിയിലെത്തി ജോയലിനെയും കുടുംബത്തെയും സന്ദർശിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ആൻ്റോ ആൻ്റണി എംപി എന്നിവരെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

