നേതൃത്വത്തിന്റെ പുതിയ ചുവടുകൾ: ബാലസഭ കുട്ടികളുടെ കോർ ടീം രൂപീകരണം നടന്നു.


പാലാ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ലീഡേഴ്സ് കളക്ടീവ് കോർ ടീം രൂപീകരണ പരിപാടി ഫെബ്രുവരി 14, 15 തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി നടന്നു.

 

 ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 110 ബാലസഭ കുട്ടികൾ പങ്കെടുത്ത പരിപാടി കുട്ടികളിലെ നേതൃഗുണങ്ങളും സാമൂഹ്യബോധവും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള വേദിയായി. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് അവരവരുടെ ഇഷ്ടങ്ങളും കഴിവുകളും തിരിച്ചറിയുന്നതിനും പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതിനും നേതൃത്വശേഷി വികസിപ്പിക്കുന്നതിനുമായി വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. അഭിനയം, സംഗീതം, പ്രസംഗം, ജേർണലിസം എന്നീ മേഖലകളിൽ പ്രത്യേക ട്രെയിനിംഗുകൾ നടന്നു. അതാത് വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ വിവിധ സെക്ഷനുകളാക്കി തിരിച്ച് അനുഭവസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന സെഷനുകൾ നൽകി. കളികളോടെയും ആശയവിനിമയ സെഷനുകളോടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളോടെയും കൂടിയ പരിപാടി കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനും സഹായകമായ ഈ കോർ ടീം രൂപീകരണം ബാലസഭ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്സാഹം നൽകുന്നുവെന്നതാണ് വിലയിരുത്തൽ.