പാമ്പാടിയിൽ സ്വാന്ത്വനം മിത്രം കെയർ–ടേക്കർ പരിശീലനത്തിന് തുടക്കം.

പാമ്പാടി: പാലിയേറ്റീവ് പരിചരണ രംഗത്ത് സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും വീടുകളിലെത്തുന്ന പരിചരണ സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള കുടുംബശ്രീയുടെ സ്വാന്ത്വനം മിത്രം പദ്ധതിയുടെ ഭാഗമായി കെയർ–ടേക്കർ പരിശീലനത്തിന് പാമ്പാടി ബ്ലോക്കിൽ തുടക്കമായി.

 

 കിടങ്ങൂർ പഞ്ചായത്തിന്റെയും കിടങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സി.ഡി.എസ് ചെയർപേഴ്സൺ മോളി ദേവരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി മിനിജ സ്വാഗതം ആശംസിച്ചു. കിടങ്ങൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രമേശ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ പി നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ ആശംസകൾ നേർന്നു. ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ അനു, ബ്ലോക്ക് കോർഡിനേറ്റർ ജിഷ ജോസഫ്, അക്കൗണ്ടന്റ് മായ പി.ആർ, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് രമ്യ എന്നിവരും മറ്റു പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു. പരിശീലനം പത്ത് ദിവസം നീണ്ടുനിൽക്കും. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾക്ക് പാലിയേറ്റീവ് കെയർ, ജീവിതശൈലി രോഗ പരിചരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകി സേവന രംഗത്തേക്ക് കൊണ്ടുവരുന്നതാണ് സ്വാന്ത്വനം മിത്രം പദ്ധതിയുടെ ലക്ഷ്യം. അയൽക്കൂട്ട അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സിഡിഎസുകൾ വഴി പേര് രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം അതത് പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ സംഘടിപ്പിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്കേ പരിചരണ സേവകരായി പ്രവർത്തിക്കാൻ സാധിക്കൂ. സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളം നോളേജ് ഇക്കോണമി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായപരിധിയില്ലാതെ മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.

Next
This is the most recent post.
Previous
Older Post