ഫിറ്റ്നസ് ഇല്ല, ഇൻഷുറൻസ് ഇല്ല, പെർമിറ്റ് ഇല്ല, ആർ.സി ക്യാൻസൽ ചെയ്തതും, മുണ്ടക്കയത്ത് അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സിന്റെ നിയമലംഘനങ്ങൾ ഞെട്ടിക്ക


മുണ്ടക്കയം: മുണ്ടക്കയത്ത് ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി മതിൽ ഇടിച്ചു നിന്ന കെ എസ് ആർ ടി സി ബസ്സിന്റെ രേഖകൾ ഞെട്ടിപ്പിക്കുന്നത്. നിയമലംഘനങ്ങളുടെ ഒരു കൂമ്പാരം തന്നെയാണ് സർവ്വീസ് നടത്തിയ ഈ ബസ്സ്.

 

 അപകടത്തിൽ ആർക്കും പരിക്കേൽക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. വാഹനത്തിന്റെ ആർ.സി ക്യാൻസൽ ചെയ്തതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. 2026 ജനുവരി 8 നു ബസ്സിന്റെ ഫിറ്റ്നസ് അവസാനിച്ചതായും ഇൻഷുറൻസ് 2020 ഓഗസ്റ്റ് 20 നു അവസാനിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ പെർമിറ്റ് 2015 നവംബർ 7 നു അവസാനിച്ചതാണ്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട് ഓടിയ ബസ് എതിർദിശയിലെ വർക്ക്ഷോപ്പിന് സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പൊതുയാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പിക്കാതെയുള്ള ഗതാഗത വകുപ്പിന്റെയും കോർപ്പറേഷന്റെയും രീതിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.